എല്ലാം കണ്ട് ഫോട്ടോയും എടുത്ത് തിരിച്ചു നടക്കുക എന്നല്ലാതെ എനിക്കൊന്നും ചെയ്യാനില്ലായിരുന്നു.
കണ്ടുനിന്നപ്പോൾ കടിച്ചു വെച്ച അമർഷം കുറിച്ചു വെക്കുന്നു.
എല്ലാം മനുഷ്യർക്ക് തീരുമാനിക്കാമെന്നാണ്.
നിഷ്കരുണം എവിടെ നിന്ന് തുടച്ചു നീക്കണം എവിടെ വെച്ചു പിടിപ്പിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് മനുഷ്യർ തന്നെ ആണ്.
ബുൾഡോസർ ഉപയോഗിച്ച് മരം തള്ളി വീഴ്ത്തുന്നു. അനേകായിരം പക്ഷികൾ തലയടിച്ച് തെറിച്ചു വീഴുന്നു...
പക്ഷി കൂടുകളിൽ അടയിരുന്ന അമ്മ പക്ഷികൾ തലതല്ലി ആർത്തു കരയുന്നു...
റോഡിൽ ചതഞ്ഞു കിടക്കുന്ന പക്ഷി കുട്ടികൾ....
ജീവൻ ചൊർന്നൊലിച്ച മുട്ടകൾ...
നിസ്സഹായാവസ്ഥയിൽ എല്ലാം ഒടിഞ്ഞു ചതഞ്ഞു കിടക്കുന്ന മരം....
വീഡിയോ അവസാനിക്കുന്നതിന് മുമ്പേ മൊബൈൽ ഓഫ് ചെയ്ത് കുറച്ചു നേരം സ്തംഭിച്ചു നിന്നു. ആ അമ്മ പക്ഷികൾ എന്റെ കാതുകളിൽ വിങ്ങിപൊട്ടി കരയുന്നുണ്ട്. പക്ഷി കുഞ്ഞുങ്ങൾ 'ഇനിയെന്ത് ' എന്നെന്നോട് ചോദിക്കുന്നുണ്ട്. ഒന്നിനും എനിക്ക് മറുപടിയില്ല. അല്ലെങ്കിലും എന്ത് പറഞ്ഞാണ് ഞാനവരെ സമാധാനിപ്പിക്കുന്നത്.
ഈ അടുത്ത് മലപ്പുറം രണ്ടത്താണിയിൽ വികസനത്തിന്റെ പേരിൽ കാലങ്ങളായി ദേശാടനപക്ഷികൾ താമസിക്കുന്ന വലിയൊരു ചീനി മരം ഇടിച്ചു വീഴ്ത്തുന്നത് വേദനയോടെ കണ്ടു തീർത്തവരാണ് നമ്മിൽ പലരും. അതിലും വികസനത്തിനെ ന്യായീകരിക്കുന്ന ചുരുക്കം ചിലരുമുണ്ട്.
ഇപ്പോൾ എവിടെ മരം മുറിക്കുന്നത് കാണുമ്പോഴും ഞാനാദ്യം ഓർക്കുന്നത് ഇതാണ്.
ആരെങ്കിലും മരം മുറിക്കുമ്പോൾ മരങ്ങളുടെ അനുവാദം ചോദിക്കാറുണ്ടോ? അനുവാദം തരാൻ മരത്തിനു കഴിയുമായിരുന്നെങ്കിൽതന്നെ നശിപ്പിക്കുവാൻ അവ അനുവദിക്കുമായിരുന്നോ?
അറിയില്ല.
മരം മുറിക്കുന്നതിന്റെ ന്യായീകരണങ്ങളെ കേൾക്കാൻപോലും ഞാൻ ഇഷ്ടപ്പെടുന്നില്ല.ചിലപ്പോൾ ഞാൻ അങ്ങനെ ആയത് കൊണ്ടായിരിക്കാം.
വളർത്തുന്നു...
വധിക്കുന്നു....
എല്ലാം ഒരു വിങ്ങലാണ്.
നിങ്ങൾക്കും ഒരു വിങ്ങലെങ്കിലും ഉണ്ടാവട്ടെ...